കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 57.75 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി എൻഫോഴ്സ്മെന്റ്

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ 57.75 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റ് സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.

ഇതുവരെ 87.75 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. 11 വാഹനങ്ങൾ, 92 ബാങ്ക് നിക്ഷേപങ്ങൾ എന്നിവയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. കേരളത്തിലും കർണാടകയിലുമായി 117 ഇടങ്ങളിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.

കരുവന്നൂർ തട്ടിപ്പുകേസിൽ അറസ്റ്റിലായ പി സതീഷ് കുമാർ, മുൻ അക്കൗണ്ടന്റ് സി കെ ജിൽസ്, കമ്മിഷൻ ഏജന്റ് പി പി കിരൺ, വ്യാജപ്പേരിലും വ്യാജരേഖകൾ ഉപയോഗിച്ചും വായ്പയെടുത്തവർ തുടങ്ങിയവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാഷ്ട്രീയ നേതാക്കളുടെ ഉൾപ്പെടെ നേരത്തെ ഇ ഡി മരവിപ്പിച്ച നിക്ഷേപങ്ങളും കണ്ടുകെട്ടിയതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.