ബയ്‌റൂത്ത്: സമയമാവുമ്പോൾ ഹമാസിനൊപ്പം ചേരാൻ തങ്ങൾ പൂർണസജ്ജമാണെന്ന് ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘം ഹിസ്ബുള്ള ഉപമേധാവി നയിം ഖാസിം. ഹമാസ്- ഇസ്രയേൽ യുദ്ധം നടക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പലസ്തീൻ അനുകൂല റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. നിലവിൽ ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ ഹിസ്ബുള്ള ശരിയായ രീതിയിൽ ഇടപെടുന്നുണ്ടെന്നും തങ്ങളുടെ കാഴ്ചപ്പാടിനും പദ്ധതിക്കും അനുസരിച്ച് അത് തുടരുമെന്നും നയിം ഖാസിം വ്യക്തമാക്കി.
ഐക്യരാഷ്ട്രസംഘടനയുടെ അധികൃതരും അറബ് രാജ്യങ്ങളും മറ്റു ചില പ്രധാനരാജ്യങ്ങളും നേരിട്ടോ അല്ലാതെയോ യുദ്ധത്തിൽ പങ്കുചേരരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത് തങ്ങളെ ബാധിക്കില്ലെന്നും ഹിസ്ബുള്ളയ്ക്ക് കടമകളെക്കുറിച്ച് പൂർണബോധ്യമുണ്ടെന്നും ഖാസിം പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ഹിസ്ബുള്ളയും പലസ്തീൻ അനുകൂല സംഘടനകളുമായും ഇസ്രയേൽ ഏറ്റുമുട്ടൽ നടത്തിയിരുന്നു. അതിർത്തി കടന്നുള്ള ഷെല്ലിങ്ങിൽ തെക്കൻ ലെബനനിൽ ഒരു റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുകയും എഎഫ്പി, റോയിട്ടേഴ്‌സ്, അൽ ജസീറ തുടങ്ങിയ മാദ്ധ്യമങ്ങളിലെ മാദ്ധ്യമപ്രവർത്തകർ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

