5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ 15 മുതൽ 19 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് – കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഒക്ടോബർ 17 ഓടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപ്പിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപ്പിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാമ് കാലാവസ്ഥാ പ്രവചനം.

മലയോരമേഖലയിലുള്ളവർക്കും തീരദേശമേഖലയിലുള്ളവർക്കും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് വിടുകളിലും റോഡുകളിലും ഉൾപ്പെടെ പലയിടങ്ങളിലും വെള്ളം കയറി. കഴക്കൂട്ടത്ത് വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. കഴക്കൂട്ടത്ത് തെറ്റിയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി.

വെള്ളായണിയുൾപ്പെടെയുള്ള കാർഷികമേഖലകളിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ടെക്‌നോപാർക്കിലെ ജീവനക്കാരേയും ഫയർഫോഴ്‌സ് സുരക്ഷാ ബോട്ടിൽ രക്ഷപ്പെടുത്തി. രാത്രി കിടന്നുറങ്ങിയവർ രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് വെള്ളക്കെട്ടാണ്. ഫയർഫോഴ്‌സും സ്‌കൂബാ ഡൈവേഴ്‌സും അടക്കം ടെക്‌നോപാർക്ക് പ്രദേശത്ത് സജീവമായി രംഗത്തുണ്ട്.