ഐബിഎം സോഫ്റ്റ്‍ വെയര്‍ ലാബ് പ്രധാന ഡെവലപ്മെന്റ് സെന്ററായി മാറുന്നു; അഭിമാന നേട്ടമെന്ന് പി രാജീവ്

കൊച്ചി: പ്രമുഖ ഐടി കമ്പനിയായ ഐബിഎമ്മിന്റെ കൊച്ചിയിലെ സോഫ്റ്റ് വെയർ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്‌മെന്റ് സെന്ററാക്കി മാറ്റാനൊരുങ്ങുന്നു. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിനാകെ അഭിമാനകരമായ തീരുമാനമാണ് കഴിഞ്ഞ ദിവസം ഐബിഎം സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ തങ്ങളുമായി പങ്കുവെച്ചതെന്ന് പി രാജീവ് പറഞ്ഞു. കൊച്ചിയിലെ ഐബിഎം സോഫ്റ്റ് വെയർ ലാബിനെ ഇന്ത്യയിലെ പ്രധാന ഡെവലപ്‌മെന്റ് സെന്ററാക്കുമെന്ന് അദ്ദേഹം കേരളത്തിന് ഉറപ്പ് നൽകി. ഐബിഎമ്മിന്റെ പ്രവർത്തനം തുടങ്ങി ഒരു വർഷമാകുമ്പോഴാണ് കേരളത്തിലെ പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങുന്നത്. ഇതിനൊപ്പം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ആറുമാസം നീണ്ടു നിൽക്കുന്ന മുഴുവൻ സമയ പ്രതിഫലം ലഭിക്കുന്ന ഇൻറേൺഷിപ്പ് നൽകാനും ഐബിഎമ്മുമായി ധാരണയായി. ഇതുവഴി വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തന പരിചയം ലഭിക്കാൻ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ഐബിഎം ലാബ് രാജ്യത്തെ പ്രധാന കേന്ദ്രമാകുന്നതോടെ ഐബിഎമ്മിന്റെ സോഫ്റ്റ് വെയർ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കമ്പനികൾ കേരളത്തിലേക്കെത്താനുള്ള സാധ്യതയും വർധിക്കുകയാണ്. ഇന്ന് ലോകത്തെ എണ്ണം പറഞ്ഞ ചില കമ്പനികൾ ഉപയോഗിക്കുന്ന പല എഐ, ഡാറ്റാ സോഫ്റ്റ് വെയറുകളും കേരളത്തിൽ വികസിപ്പിച്ചെടുത്തതാണെന്ന ദിനേശ് നിർമ്മലിന്റെ വാക്കുകൾ മലയാളികൾക്കാകെ അഭിമാനിക്കാനുള്ളൊരു കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിവർഷം കേരളത്തിൽ നിന്ന് 200 മുതൽ 300 പേരെ ഐബിഎം റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമെ 300 വിദ്യാർത്ഥികളെ ഇൻറേൺഷിപ്പിനുമുള്ള സൗകര്യം ഏർപ്പെടുത്തുകയാണ്. സംസ്ഥാനത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഐബിഎം ഇന്ത്യയിലെ അഞ്ചാമത്തെ സോഫ്റ്റ് വെയർ ലാബ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. കൊച്ചി ഇൻഫോപാർക്കിൽ തുടങ്ങിയ ലാബ് ഒരു വർഷം കൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും പ്രധാന സോഫ്റ്റ് വെയർ വികസന കേന്ദ്രമായി കൊച്ചി മാറി. നിലവിൽ 1500ൽപരം ജീവനക്കാരാണ് കൊച്ചി ലാബിൽ ജോലി ചെയ്യുന്നത്. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വലിയ ഓഫീസ് സമുച്ചയത്തിലേക്ക് ഐബിഎം മാറാനൊരുങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.