വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഗ്രീൻ ഫീൽഡ് റെയിൽവേ ഇടനാഴിയായി വികസിപ്പിക്കണം; ആവശ്യം ശക്തം

പത്തനംതിട്ട: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഗ്രീൻ ഫീൽഡ് റെയിൽവേ ഇടനാഴി രൂപപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലുള്ള റെയിൽവേ ലൈനിന് സമാന്തരമായി ഗ്രീൻ ഫീൽഡ് റെയിൽവേ ഇടനാഴി രൂപപ്പെടുത്തണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

തിരുവനന്തപുരത്തെയും വിഴിഞ്ഞം തുറമുഖത്തെയും ബന്ധിപ്പിച്ച് അങ്കമാലി- എരുമേലി ശബരി റെയിൽപാതയെ ബാലരാമപുരത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റെയിൽവേ മന്ത്രി, വ്യവസായ, ടൂറിസം മന്ത്രിമാർ എന്നിവർക്ക് ഫെഡറേഷൻ നിവേദനം നൽകുകയും ചെയ്തു. ബാലരാമപുരത്താണ് വിഴിഞ്ഞത്തു നിന്നുള്ള റെയിൽ പാത പ്രധാന പാതയുമായി കൂടിച്ചേരുന്നത്.

പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായ മേഖലയെയും പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്തെയും തൊടുപുഴയിലെ കിൻഫ്രാ സ്പൈസസ് പാർക്കിനെയും കോതമംഗലം-നെല്ലിക്കുഴിയിലെ ഫർണിച്ചർ ക്ലസ്റ്ററിനെയും മുവാറ്റുപുഴ- നെല്ലാടിലെ കിൻഫ്രാ ഫുഡ് പാർക്കിനെയും പുതിയ റെയിൽ കോറിഡോർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതു വ്യവസായ കേന്ദ്രങ്ങളുടെയും തുറമുഖത്തിന്റെയും വികസനത്തിന് സഹായമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.