യുദ്ധസാഹചര്യം; ഇസ്രായേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിക്കും

ടെൽ അവീവ്: ഇസ്രായേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിക്കും. യുദ്ധസാഹചര്യം കണക്കിലെടുത്താണ് നടപടി. പ്രതിപക്ഷ പാർട്ടികളെയും ഉൾപ്പെടുത്തിയാണ് മന്ത്രി സഭ രൂപീകരിക്കുന്നതെന്ന് ഇസ്രായേൽ വൃത്തങ്ങൾ വ്യക്തമാക്കി. ഇസ്രായേലിയൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസ്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തുടങ്ങിയവർ മന്ത്രിസഭയിൽ ഉണ്ടാകും.

പ്രധാനമന്ത്രി നെതന്യാഹുവും ബെന്നി ഗാൻസും ചേർന്നുള്ള സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മുൻ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമാണ് ബെന്നി ഗാൻസ്. യുദ്ധവുമായി ബന്ധമില്ലാത്ത നിയമനിർമ്മാണമോ തീരുമാനങ്ങളോ ഇസ്രായേൽ സർക്കാർ ഈ അവസരത്തിൽ പാസാക്കില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിനൊരുങ്ങിയിരിക്കുകയാണ് ഇസ്രായേൽ. 4000 ത്തോളം പേർ ഇതിനോടകം ഇരുരാജ്യങ്ങളുമായി കൊല്ലപ്പെട്ടിട്ടുണ്ട്.