അഹമ്മദാബാദ്: മലയാളിയായ അഭിഭാഷകയെ കാണാതായെന്ന് പരാതി. ട്രെയിൻ യാത്രയ്ക്കിടെയാണ് അഭിഭാഷകയെ കാണാതായത്. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷക ഷീജ ഗിരീഷ് നായരെയാണ് കാണാതായത്. തിങ്കളാഴ്ച അഹമ്മദാബാദിൽ നിന്നു മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് ഇവരെ കാണാതായതെന്നാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.
കേസിന്റെ ആവശ്യത്തിനായാണ് ഇവർ മുംബൈയിലേക്ക് പോയതെന്നാണു വിവരം. ഗുജറാത്ത് എക്സ്പ്രസിൽ തിങ്കളാഴ്ച രാവിലെ 7.10നാണ് ഷീജ ഗിരീഷ് നായർ മുംബൈയിലേക്കു പോയത്. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. വാപി എത്തിയപ്പോൾ ഇവർ വീട്ടിലേക്ക് വിളിച്ചിരുന്നു. മൂന്നു മണിക്ക് മുംബൈയിൽ എത്തിയശേഷം വിളിക്കാമെന്നു പറഞ്ഞാണ് ഇവർ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. പിന്നീട് ഇവരെ ഫോൺ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല.
വാട്സാപ്പിൽ അയച്ച സന്ദേശങ്ങൾ അന്നു വൈകുന്നേരം തുറന്നു വായിച്ചിട്ടുണ്ടെങ്കിലും അതിനു മറുപടി അയച്ചില്ല. സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരും ഇവരെ വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തില്ല. രാത്രിയോടെ ഫോൺ സ്വിച്ച് ഓഫായി. ഷീജ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ വീട്ടിൽ തിരിച്ചെത്തേണ്ടതായിരുന്നു. ഇതുവരെ ഇവരെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

