തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സഹകരണ കൊള്ളക്കെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിനാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
ബിജെപി നേതാക്കൾ ഉൾപ്പെടെ അഞ്ഞൂറോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുള്ളത്. ഗതാഗത തടസം സൃഷ്ടിച്ചു എന്നാരോപിച്ചാണ് കേസ്.
സഹകരണമേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തിനുമെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി സഹകാരി സംരക്ഷണ പദയാത്ര നടത്തിയത് ഒക്ടോബർ രണ്ടിനായിരുന്നു. കരുവന്നൂർ മുതൽ തൃശൂർ വരെ 18 കിലോമീറ്ററായിരുന്നു പദയാത്ര. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. എം ടി രമേശ് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയ്ക്കിടെ ആദരിക്കുകയും ചെയ്തിരുന്നു. കരുവന്നൂരിലെ പദയാത്രയിൽ രാഷ്ട്രീയമില്ലെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്. പാവപ്പെട്ടവന് വേണ്ടിയാണ് താൻ പദയാത്ര നടത്തിയതെന്നും സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവർ തന്നോടൊപ്പം കൂടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

