തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി കിലെ ചെയർമാനായിരുന്നപ്പോഴും നിലവിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയിൽ നടത്തിയ മുഴുവൻ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കിലെയിൽ പിൻവാതിൽ നിയമനം നേടിയ മുഴുവൻ പേരെയും അടിയന്തിരമായി പിരിച്ചുവിടാനും സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാർക്ക് സർക്കാർ ജോലി നൽകിയ മന്ത്രി വി ശിവൻകുട്ടി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്ക് ഒരു നിമിഷം സ്ഥാനത്ത് തുടരാൻ അർഹതയില്ല. അൽപമെങ്കിലും രാഷ്ട്രീയ മര്യാദയും മാന്യതയും അവശേഷിക്കുന്നുണ്ടെങ്കിൽ സ്വയം രാജിവച്ച് പുറത്ത് പോയി അന്വേഷണം നേരിടാൻ വി ശിവൻകുട്ടി തയാറാകണം. മൂന്നരക്കോടി ജനങ്ങൾക്ക് വേണ്ടിയല്ല പാർട്ടിക്കാർക്കും സ്വന്തക്കാർക്കും വേണ്ടിയുള്ള ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്നത്. എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനങ്ങളാണ്. യോഗ്യതയുള്ളവരെ ഇരുട്ടിൽ നിർത്തി സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ പിൻവാതിലിലൂടെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളെയും സ്വന്തക്കാരെയും നിയമിക്കുന്നത് യുവജനങ്ങളോടും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന ധനവകുപ്പിന്റെ നിർദേശം മറികടന്നാണ് ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ നിയമനം സ്ഥിരപ്പെടുത്താൻ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടത്. പബ്ലിസിറ്റി അസിസ്റ്റന്റ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, പ്യൂൺ തസ്തികകളിൽ ഉൾപ്പെടെ കിലെയിൽ 10 പേർക്ക് പിൻവാതിൽ നിയമനം നൽകിയത് സംബന്ധിച്ച് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിക്കാരെ കൂട്ടത്തോടെ നിയമിച്ചതോടെ കിലെയിലെ ശമ്പളച്ചെലവ് 39 ലക്ഷത്തിൽ നിന്ന് 64 ലക്ഷമായി ഉയർന്നു. മുൻകൂർ അനുവാദമില്ലാതെ കിലെയിൽ നിയമനങ്ങൾ പാടില്ലെന്ന 2019 ഓഗസ്റ്റ് 21 ലൈ മന്ത്രിസഭാ തീരുമാനത്തെ പോലും മറികടന്നാണ് ശിവൻകുട്ടി പിൻവാതിൽ നിയമനങ്ങൾ നടത്തിയത്. മന്ത്രിസഭാ തീരുമാനം ഒരു മന്ത്രി തന്നെ അട്ടിമറിച്ച സാഹചര്യത്തിൽ മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുമുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

