പലസ്തീൻ ജനതയ്ക്ക് സഹായ ഹസ്തവുമായി യുഎഇ; പലസ്തീന് രണ്ട് കോടി ഡോളർ സഹായം എത്തിക്കും

അബുദാബി: പലസ്തീൻ ജനതയ്ക്ക് സഹായ ഹസ്തവുമായി യുഎഇ. പലസ്തീന് രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യുഎൻആർഡബ്ല്യൂഎ വഴിയാണ് സഹായം എത്തിക്കുകയെന്ന് യുഎഇ അറിയിച്ചു.

ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ അടിയന്തര ആശ്വാസം പകരുകയെന്ന യുഎഇയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സഹായമെത്തിക്കുന്നത്.

അതേസമയം, ഇസ്രയേൽ പാലസ്തീൻ സംഘർഷത്തിൽ പ്രതികരണവുമായി സൗദി അറേബ്യയും രംഗത്തെത്തിയിട്ടുണ്ട്. പലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ പറഞ്ഞു. പലസ്തീനും ഇസ്രായേലി അധിനിവേശ സേനയും തമ്മിലുണ്ടാവുന്ന ആക്രമണ സംഭവങ്ങൾ സുക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.