സംസ്ഥാന സ്‌കൂൾ കായികോത്സവം: രുചി വൈവിധ്യങ്ങളോടെ ഭക്ഷണമൊരുക്കും

തൃശൂർ: ഒക്ടോബർ 16 ന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവം കെങ്കേമമാക്കാൻ വിഭവ സമൃദ്ധമായ ഭക്ഷണ വിഭവങ്ങൾ. കായിക താരങ്ങളും ഒഫിഷ്യൽസും ഉൾപ്പെടെ കായികോത്സവത്തിന്റെ ഭാഗമാകുന്ന 6000 ത്തോളം പേർക്കാണ് സ്വാദിഷ്ടമായ ഭക്ഷണം പാചകപ്പുരയിൽ തയ്യാറാക്കുന്നത്.

സംസ്ഥാന സ്‌കൂൾ കായികകോത്സവത്തിന്റെ രജിസ്ട്രേഷൻ ആരംഭിക്കുന്ന ഒക്ടോബർ 16 ന് രാത്രി മുതൽ ഭക്ഷണ വിതരണം ആരംഭിക്കും. കൊടകര സ്വദേശി അയ്യപ്പദാസിന്റെ നേതൃത്വത്തിലാണ് പാചകം. ഐക്കൻ കാറ്ററിങ്ങ് നടത്തിപ്പുകാരനാണ്. കായികോത്സവത്തിൽ രാവിലെ പാൽ, മുട്ട എന്നിവയ്ക്കു പുറമേ ഇഡ്ഡലി, ദോശ, നൂലപ്പം, ഉപ്പുമാവ് എന്നിങ്ങനെയാണ് വിവിധ ദിവസങ്ങളിലെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് പായസത്തോടുകൂടിയ വിഭവ സമൃദ്ധമായമായ സദ്യ. രാവിലെ 10 നും വൈകീട്ട് 4 നും ചായയും ലഘു പലഹാരവും നൽകും. രാത്രി ഇറച്ചിയും മീനും വിളമ്പും. ഒപ്പം പഴവർഗ്ഗങ്ങളും ഉണ്ടാകും. അധ്യാപകരുടെ നേതൃത്വത്തിലാണ് ഭക്ഷണം വിളമ്പൽ. ഒക്ടോബർ 20 ന് സമാപന ദിവസം 2000 പേർക്കുള്ള ഭക്ഷണം പാർസലായും നൽകുന്നുണ്ട്.

കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്‌കൂൾ സീനിയർ ഗ്രൗണ്ടിലാണ് ഭക്ഷണ പന്തൽ. പത്ത് കൗണ്ടറുകളിലായി 1000 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സിന്തറ്റിക് ട്രാക്കിനോട് ചേർന്നുള്ള സ്ഥലമായതിനാൽ മേളക്കെത്തുന്നവർക്ക് യാത്ര ബുദ്ധിമുട്ടുണ്ടാവില്ല. ഒപ്പം സമയവും ലാഭിക്കാം.