ഹെവി വാഹനങ്ങളിലെ ഡ്രൈവർക്ക് നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം; ആന്റണി രാജു

തിരുവനനന്തപുരം: കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. നേരത്തെ സെപ്തംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.

ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി പിന്നീട് അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് അടുത്ത മാസം ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കൊണ്ടുള്ള പ്രഖ്യാപനം മന്ത്രി നടത്തിയത്. അതേസമയം, ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

നിയമസഭയിൽ പറഞ്ഞതും കോടതിയിൽ നൽകിയതും പോലീസിന്റെ പക്കൽ ഉള്ളതുമായ കണക്കുകൾ ഒന്നാണെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.