‘കേരളീയം 2023’ ആഘോഷത്തിനായി ഒരുക്കിയ ഗാനം കോപ്പിയടി; ആരോപണവുമായി സംഗീത സംവിധായകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ ആഘോഷത്തിനായി ഒരുക്കിയ ഗാനത്തിനെതിരെ സംഗീത സംവിധായകനും സംഗീത അധ്യാപകനുമായ ജെയ്‌സൺ ജെ നായർ. ഗാനം കോപ്പിയടിയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന ആഘോഷ പരിപടിക്കായി തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ രണ്ടാം വർഷ എം എ വിദ്യാർഥികൾ കേരളീയത്തിനായി വരികളെഴുതി ചിട്ടപ്പെടുത്തിയ ഗാനം എന്ന പേരിൽ പരിപാടിയുടെ സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിക്കുന്ന ഗാനത്തിനെതിരെയാണ് കോപ്പിയടി ആരോപണം.

ജെയ്‌സൺ ജെ നായർ പറയുന്നത് ‘തുഞ്ചന്റെ കാകളികൾ ഒരു കിളികൊഞ്ചലായി’ എന്ന് തുടങ്ങുന്ന ഗാനം 2004-2006 കാലഘട്ടത്തിൽ താൻ ചിട്ടപ്പെടുത്തിയ ഗാനമാണെന്നാണ്. സോമദാസ് കാണക്കാരി എഴുതിയ വരികൾക്ക് ഈണം നൽകി കുമാരമംഗലം സ്‌കൂളിലെ കുട്ടികൾക്ക് കലോത്സവത്തിന് വേണ്ടി തയ്യാറാക്കിയ ഗാനമാണ് കേരളീയം ഫെസ്റ്റിനായി സ്വാതി തിരുനാൾ സംഗീത കോളേജിലെ വിദ്യാർഥികൾ ഒരുക്കിയ ഗാനം എന്ന പേരിൽ പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിക്കുന്നത്.

2006ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സംഘഗാനത്തിന് സമ്മാനം ലഭിച്ച ഗാനമാണിത്. തന്റെ സ്ഥാപനമായ മോക്ഷ സ്‌കൂൾ ഓഫ് മ്യൂസിക്കിലെ ആയിരക്കണക്കിന് കുട്ടികളെ ഈ ഗാനം പലപ്പോഴായി പഠിപ്പിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന് യാതൊരു ഉത്തരവാദിത്വവുമില്ല. ഈ ഗാനം ചെയ്യാൻ ഏൽപ്പിച്ചവർ അത് മോഷ്ടിച്ച് എല്ലാവരെയും തെറ്റിധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാളെ തലമുറയ്ക്ക് സംഗീതം പറഞ്ഞുകൊടുക്കേണ്ട ആരോ ഒരാളാണ് ഇതിന് പിന്നിൽ. കുട്ടികൾ ഏതായാലും ഇത് മനോഹരമായി പാടിയിട്ടുണ്ട്. ചെയ്ത ആൾക്ക് എന്തായാലും അത് അയാളുടെ സൃഷ്ടി അല്ലെന്ന് അറിയാം. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ കുട്ടികൾക്ക് പറഞ്ഞുകൊടുത്ത് അവരെ കൊണ്ട് പാടിപ്പിച്ച ശേഷം സർക്കാരിന് നൽകിയിരിക്കുകയാണ്. ഒരു സൃഷ്ടി കർത്താവെന്ന നിലയിലുള്ള വിഷമം തനിക്കുണ്ടെന്നും ജെയ്‌സൺ കൂട്ടിച്ചേർത്തു.