മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് മറുപടിയുമായി കെ ടി ജലീൽ എംഎൽഎ. തലയിരിക്കുമ്പോൾ വാലാടേണ്ട എന്ന തങ്ങളുടെ പ്രസ്താവനയ്ക്കാണ് അദ്ദേഹം മറുപടി നൽകിയത്.
തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ലെന്നും പണ്ഡിതന്മാരെ ബഹുമാനിക്കാൻ പഠിക്കണമെന്നും ജലീൽ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജന്മിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻമുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതൻമാരുടെ ”മെക്കട്ട്’ കയറാൻ നിന്നാൽ കയറുന്നവർക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ *കുടിയാനായി’ കാണുന്ന ചില രാഷ്ട്രീയ ജനമിമാരുടെ ”ആഢ്യത്വം” കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണമെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.

