കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിനെ തുടർന്ന് വിജിലൻസ് പിടിച്ചെടുത്ത പണം മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് വിട്ടുനൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. 47 ലക്ഷം രൂപ കെ എം ഷാജിയ്ക്ക് വിട്ടുനൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. വിജിലൻസ് പിടിച്ചെടുത്ത പണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇതുസംബന്ധിച്ച ഉത്തരവ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
അനധികൃത സ്വത്ത് സമ്പാദന കേസിലെ റെയ്ഡിനിടയിൽ വിജിലൻസ് അനധികൃതമായി പണം പിടിച്ചെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് കെ എം ഷാജി ഹർജി സമർപ്പിച്ചത്. കണ്ണൂർ അഴീക്കോട്ടെ ഷാജിയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ വർഷമാണ് വിജിലൻസ് പണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നായിരുന്നു ഷാജി വ്യക്തമാക്കിയത്.
നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി പണം വിട്ട് നൽകണമെന്ന കെ.എം ഷാജിയുടെ ആവശ്യം തള്ളിയിരുന്നു. കോഴിക്കോട് ഒന്നരകോടി രൂപയുടെ വീട് നിർമ്മിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഎം പ്രവർത്തകൻ ഹരീഷിന്റെ പരാതിയിലാണ് കെ എം ഷാജിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

