സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പിടിച്ചെടുത്ത് നിധി രൂപീകരിക്കുമെന്നത് വ്യാജ വാര്‍ത്ത; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെയും സർവീസ് പെൻഷൻകാരുടെ പെൻഷന്റെയും ഒരു ഭാഗം പിടിച്ചെടുത്ത് സർക്കാർ പ്രത്യേക നിധി രൂപീകരിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത്തരം വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സർക്കാർ ജീവനക്കാരെയും പെൻഷൻക്കാരെയും കേരളീയ സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സർക്കാരിനെ അപകീർത്തിപ്പെടുത്താനുമായി സൃഷ്ടിക്കുന്ന ഇത്തരം വ്യാജ വാർത്തകളെ കേരളീയ പൊതു സമൂഹം തള്ളിക്കളയുമെന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെയും സർവീസ് പെൻഷൻകാരുടെ പെൻഷന്റെയും ഒരു ഭാഗം പിടിച്ചെടുത്ത് പ്രത്യേക നിധി രൂപീകരിക്കും എന്നപേരിൽ ഒരു വാർത്ത വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

സർക്കാർ ജീവനക്കാരെയും പെൻഷൻക്കാരെയും കേരളീയ സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും സർക്കാരിനെ അപകീർത്തിപ്പെടുത്താനുമായി സൃഷ്ടിക്കുന്ന ഇത്തരം വ്യാജ വാർത്തകളെ കേരളീയ പൊതു സമൂഹം തള്ളിക്കളയുമെന്നുറപ്പുണ്ട്.