ന്യൂഡൽഹി: തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് തീവ്രവാദമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹുവിനെ സ്വീകരിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരവാദമെന്ന് പ്രധാനമന്ത്രി അപലപിക്കുകയും ചെയ്തു. യുദ്ധമേഖലയിലെ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. കാബിനറ്റ് സെക്രട്ടറി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഭാരതം നൽകിക്കൊണ്ടിരിയ്ക്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്രയേൽ. രംഗത്തെത്തിയിരുന്നു. ഹമാസ് ഭീകരർ ഇസ്രയേലിന് നേരെ ആക്രമണം അഴിച്ചുവിട്ടപ്പോൾ ആദ്യം പിന്തുണയുമായി എത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇസ്രയേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നവമാധ്യമങ്ങളിലും ഭാരതം ഇസ്രേയലിനൊപ്പം എന്നത് ട്രെന്റിംഗിലായിരുന്നു. പിന്നാലെയാണ് ഇസ്രയേൽ ഇന്ത്യക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തിയത്.

