ന്യൂഡൽഹി: വധശ്രമ കേസിൽ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഫൈസലിന് എം പി സ്ഥാനത്ത് തുടരാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജി സ്വീകരിച്ചാണ് സുപ്രീം കോടതി വിധി സ്റ്റേ ചെയ്തത്.
വിഷയത്തിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. കേസിൽ നാല് ആഴ്ചയ്ക്ക് ശേഷം വാദം കേൾക്കുമെന്നും ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കപിൽ സിബൽ, കെ ആർ ശശി പ്രഭു തുടങ്ങിയവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി കോടതിയിൽ ഹാജരായത്.
കഴിഞ്ഞ ദിവസം മുഹമ്മദ് ഫൈസലിനെ രണ്ടാമതും അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയിരുന്നു. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ഇതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

