ഇസ്രയേലിൽ മിസൈൽ ആക്രമണം; മലയാളി യുവതിയ്ക്ക് പരിക്കേറ്റു

ടെൽ അവീവ്: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിയ്ക്ക് പരിക്കേറ്റു. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്. ഷീജയുടെ കാലിനാണ് പരിക്ക്. ഏഴ് വർഷമായി വടക്കൻ ഇസ്രയേലിലെ അഷ്‌കിലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ഇസ്രായേൽ സമയം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഇവിടെ ആക്രമണം ഉണ്ടായത്.

ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടൻ ഫോൺ സംഭാഷണം നിലച്ചു. ഇവർ ജോലി ചെയ്യുന്ന വീട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഷീജയെ ഉടൻ തന്നെ സമീപത്തുള്ള ബെർസാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഇവരെ ടെൽ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി.

പയ്യാവൂർ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭർത്താവ്. രണ്ടു മക്കളാണ് ഇവർക്കുള്ളത്. ഇസ്രയേലിൽ സംഘർഷം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.