ജറുസലേം: ഹമാസിനെ നിർദയം അടിച്ചമർത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ. ഹമാസിന്റെ എല്ലാശേഷിയും ഇല്ലാതാക്കാൻ ഇസ്രയേൽ സൈന്യം അടിയന്തരമായി പ്രവർത്തിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിനും പൗരന്മാർക്കും അവർ നൽകിയ കറുത്ത ദിനങ്ങൾക്ക് മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ടെലവിഷൻ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കുഞ്ഞുങ്ങളേയും അമ്മമാരെയും അവരുടെ വീട്ടിൽ, കിടക്കകളിൽ വധിക്കുന്ന ശത്രുക്കളാണ് ഹമാസ്. മുതിർന്നവരേയും കുട്ടികളേയും യുവാക്കളേയും ഒരുപോലെ ഇവർ തട്ടിക്കൊണ്ടുപോകുന്നു. പൗരന്മാരേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കി അവധിദിനത്തിൽ അവർ ആനന്ദിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഈ യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പോരാട്ടം ഏറെക്കാലം നീണ്ടുനിൽക്കുമെന്നും വ്യക്തമാക്കി. ദുഷ്‌കരമായ ദിവസങ്ങളാണ് മുന്നിലുള്ളത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ടെന്നും ഈ യുദ്ധം തുടരാനുള്ള സ്വാതന്ത്ര്യം അവർ ഇസ്രയേലിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹമാസിന്റെ പ്രവർത്തകർ ഒളിച്ചിരിക്കുന്നതും പ്രവർത്തിക്കുന്നതുമായ എല്ലാസ്ഥലങ്ങളും ചാരമാക്കും. ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, മറ്റു സാധനങ്ങൾ എന്നിവയുടെ വിതരണം ഇസ്രയേൽ റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.

