ഇസ്രയേലിലെ ഹമാസ് ആക്രമണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ജറുസലം: ഇസ്രയേലിൽ ഹമാസ് ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തു തുടരണമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം.

അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം വിശദമാക്കി. ഇസ്രായേലിൽ ശക്തമായ ആക്രമണം നടക്കുന്നതിനെ തുടർന്ന് മലയാളികൾ ഉൾപ്പെടെ നിരവധിപേർ ബങ്കറുകളിൽ അഭയം തേടിയിട്ടുണ്ട്.

ഇന്നു രാവിലെയാണ് ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റ് തൊടുത്തു എന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ആക്രമണത്തിൽ അഞ്ചുപേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, 35 ഇസ്രയേലി സൈനികരെ ബന്ദികളാക്കിയെന്നാണ് ഹമാസിന്റെ വെളിപ്പെടുത്തൽ.

യുദ്ധത്തിന് തയ്യാറാണെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്. ഹമാസ് കേന്ദ്രങ്ങളിലേക്കു വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. 14 ഇടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നതായി ഇസ്രയേൽ സേന പറഞ്ഞു.