ഗവർണറും സർക്കാരും തമ്മിലുള്ള പോര് നിർഭാഗ്യകരം; സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സർക്കാർ ഗവർണർ പോരിൽ ഇടപെടലുമായി സുപ്രീം കോടതി. ഗവർണറും സർക്കാരും തമ്മിലുള്ള പോര് നിർഭാഗ്യകരമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സർക്കാർ അയക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിൽ ഗവർണർക്ക് സമയ പരിധിയില്ല എന്നതുകൊണ്ട് ബില്ലുകൾ അനന്തമായി നീട്ടുകയെന്നല്ല അർത്ഥമെന്ന് കോടതി വ്യക്തമാക്കി.

പശ്ചിമബംഗാളിലെ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്. സർക്കാർ അയക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിൽ ഗവർണർക്ക് ഭരണഘടന സമയപരിധി പറയുന്നില്ല. അതിനാൽ ബില്ലുുകൾ അനന്തമായി നീട്ടാൻ പാടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഗവർണറും സർക്കാരും സഹകരിച്ച് പോകണമെന്നും മുഖ്യമന്ത്രിയും ഗവർണറും ഒന്നിച്ചിരുന്ന് ചർച്ച നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

സർവകലാശാല വിഷയത്തിലെ പോര് വിദ്യാർത്ഥികളുടെ ഭാവിയെ ആണ് ബാധിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.