ബിജെപിക്ക് കേരളത്തോട് പക; കോൺഗ്രസിന് വർഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂർ: കോൺഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് കേരളത്തോട് പകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് വർഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടില്ലെന്നും അദ്ദേഹം വിമർശിച്ചു. കണ്ണൂരിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എപ്പോഴും സംഘപരിവാറിനൊപ്പമാണ് കോൺഗ്രസിലെ ഒരു വിഭാഗം. യുഡിഎഫ് എംപിമാർക്ക് പാർലമെന്റിൽ കേരളത്തിന്റെ പൊതുവികാരം പ്രകടിപ്പിക്കാനായിട്ടില്ല. സംഘപരിവാർ മനസിന് നേരിയ മുഷിച്ചിൽ പോലും വേണ്ടെന്നാണ് കോൺഗ്രസിന്റെ നയം. കേരളത്തിലെ കോൺഗ്രസ് എംപിമാർ സംഘപരിവാറുമായി സമരസപ്പെടുകയാണ്. ഒരു ഘട്ടത്തിലും ഉറച്ച നിലപാടില്ല. കേരളത്തിലെ കോൺഗ്രസ് എം പിമാരിൽ ഒരാളുടെ ശബ്ദം പോലും പാർലമെന്റിൽ മുഴങ്ങിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കേന്ദ്രം വെട്ടിക്കുറക്കുന്നു. ഇതെല്ലാം കേരളത്തെ ശ്വാസംമുട്ടിക്കുകയാണ്. സർക്കാരിനെതിരെ ബിജെപി ഇല്ലാകഥകൾ പ്രചരിപ്പിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് തെളിഞ്ഞു. ഇതിന് പിന്നിലെ സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നിപ കാലത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ആരോഗ്യ മന്ത്രി വഹിച്ച പങ്കും അഭിനന്ദനാർഹമാണ്. കഴിഞ്ഞ ഏഴരവർഷം സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാനാണ് നീക്കം. പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും നടപ്പാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.