പത്തനംതിട്ട: ഓൺലൈൻ ന്യൂസ് പോർട്ടലായ ന്യൂസ്‌ക്ലിക്കിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലും റെയ്ഡ് നടത്തി ഡൽഹി പോലീസ്. ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവർത്തകയായിരുന്ന പത്തനംതിട്ട കൊടുമൺ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഡൽഹി പോലീസ് പ്രത്യേകസെല്ലിലെ മൂന്നംഗം സംഘമെത്തിയാണ് അനുഷാ പോളിന്റെ വീട് പരിശോധിച്ചത്. അനുഷ 2018 ഒക്ടോബർ മുതൽ 2022 ജനുവരി വരെ ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരിയായിരുന്നു.
ഇവരുടെ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള രേഖകളും പരിശോധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.15-ഓടെയാണ് ഡൽഹി പോലീസ് സംഘം കേരളത്തിലെത്തിയത്. ഡൽഹി സിപിഎം സംസ്ഥാന സെക്രട്ടറി കെ എം തിവാരിയെ അറിയുമോയെന്ന് സംഘം ചോദിച്ചതായി അനുഷ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തുവെന്നും ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട്, പാൻ കാർഡ്, ആധാർ കാർഡ് , തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയെല്ലാം പരിശോധിച്ചുവെന്നും ഇവർ വ്യക്തമാക്കി. എത്രയും പെട്ടെന്ന് ഡൽഹിയിൽ തിരിച്ചെത്തി തങ്ങൾക്കുമുന്നിൽ ഹാജരാകുന്നതായിരിക്കും നിങ്ങൾക്ക് നല്ലത് എന്ന ഭാഷയിലാണ് പോലീസ് സംസാരിച്ചതെന്നും അനുഷ ചൂണ്ടിക്കാട്ടി.

