തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ പ്രചാരണത്തിലെ വീഴ്ചയുടെ പേരിലുണ്ടായ പാർട്ടി നടപടിയിൽ പ്രതികരണവുമായി സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗവും മുൻ സഹകരണ മന്ത്രിയുമായ ജി സുധാകരൻ. എളമരം കരീം കമ്മിഷനെതിരെ അദ്ദേഹം തുറന്നടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇപ്പോൾ ജയിച്ച സ്ഥാനാർത്ഥികളെ നിർദേശിച്ചത് താൻ ആണെന്നും എന്നിട്ടും താൻ ഒന്നും ചെയ്തില്ലെന്ന് എളമരം കരീം എഴുതിവച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
24 പേജ് എഴുതികൊടുത്തുവെന്നും എന്നാൽ തന്റെ വിശദീകരണത്തിൽ ഒരു വരിപോലും എളമരം കരീം അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോൾ ചിലത് മനസിലായി. എന്നാലത് ഇപ്പോൾ പറയുന്നില്ല. താൻ പ്രതിഷേധിച്ചില്ല. സ്റ്റേറ്റ് കമ്മിറ്റിയിൽ പറയാനുള്ളത് ശക്തമായി പറഞ്ഞു. എന്താണ് നടന്നതെന്ന് ആധികാരികമായി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്ന് ജി സുുധാകരൻ വ്യക്തമാക്കി.
ആലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ താൻ പ്രവർത്തിച്ചിട്ടില്ല. പാർട്ടിയ്ക്ക് ദോഷമില്ലാത്ത തരത്തിൽ വസ്തുത പുറത്തുകൊണ്ടുവരും. ഇടത് സ്ഥാനാർത്ഥിയുടെ വിജയത്തിനായി മുഴുവൻ സമയവും പ്രവർത്തിച്ചു. എന്നാൽ പരാതി അന്വേഷിച്ച എളമരം കരീം കമ്മീഷൻ ഞാൻ പ്രവർത്തിച്ചിട്ടില്ലെന്ന് എഴുതിവച്ചു. ഇതിന് പിന്നിൽ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

