ദീർഘകാല വൈദ്യുതി കരാർ റദാക്കിയതിന് പിന്നിൽ സർക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഢാലോചന; വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദാക്കിയതിന് പിന്നിൽ സർക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഢാലോചനയും അഴിമതിയുമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മീഷനെ സർക്കാർ സ്പോൺസർഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

സർക്കാരിന് അഴിമതി നടത്താൻ ഒത്താശ ചെയ്തത് അവരാണ്. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്നും സംശയിക്കേണ്ടിരിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്തെ കരാർ റദ്ദാക്കി അഞ്ച് മാസത്തിനുശേഷം അത് പുനഃസ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. കരാർ റദാക്കിയതിലും അതിനുശേഷം നടന്ന ഇടപാടുകളിലും സർക്കാരിനുള്ള പങ്ക് അന്വേഷിക്കണം. കരാർ റദാക്കിയതിനെ തുടർന്ന് കെ.എസ്.ഇ.ബിക്കുണ്ടായ ബാധ്യത സർ ചാർജായി ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെ എന്ത് വിലകൊടുത്തും ചെറുക്കും. വൈദ്യുതി ആവശ്യകതയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഡാമിൽ വെള്ളം കുറഞ്ഞതു കൊണ്ടാണ് വൈദ്യുതി പ്രതിസന്ധിയെന്നും നിരക്കു വർധന വേണമെന്നുമുള്ള പ്രചാരണം അഴിമതിയും ഭരണപരാജയവും മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാമെണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് കാലത്തെ വൈദ്യുതക്കരാർ 2022 വരെ വൈദ്യുതി ബോർഡിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിലും ഇടതു സർക്കാർ ഇപ്പോൾ മേനി പറയുന്ന ‘ലോഡ്ഷെഡിങ് രഹിത കേരളം’ നടപ്പാക്കുന്നതിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്. കാരാർ അനധികൃതമായിരുന്നെങ്കിൽ കഴിഞ്ഞ ഏഴ് വർഷവും ഈ കരാറിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങി മേനി നടിച്ചത് എന്തിനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. 2023 മെയ് 10 ന് കരാർ റദാക്കിയ ശേഷം ദിവസേന മൂന്ന് മുതൽ എട്ട് കോടി രൂപ വരെ ചെലവഴിച്ചാണ് അഞ്ചു മാസമായി വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ കെഎസ്ഇബിക്ക് കുറഞ്ഞത് 750 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു,