ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ച് ഹമാസ്; റോക്കറ്റാക്രമണം നടത്തി

ജറുസലം: ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ച് ഹമാസ് സംഘടന. ഇതിന് പിന്നാലെ ഇസ്രായേലും തിരിച്ചടിച്ചു. ഗാസയിൽ നിന്നുള്ള ആക്രമണം നേരിടുകയാണെന്നും റോക്കറ്റ് പ്രതിരോധ ഉപകരണങ്ങൾ വിന്യസിച്ചുവെന്നും ഇസ്രയേൽ വ്യക്തമാക്കി. രാജ്യത്ത് യുദ്ധാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചെന്ന് ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫ് ആണ് വ്യക്തമാക്കിയത്. ശനിയാഴ്ച പുലർച്ചെയാണ് ഓപ്പറേഷൻ അൽ-അഖ്സ സ്റ്റോം എന്ന പേരിൽ സൈനിക നീക്കം ആരംഭിച്ച വിവരം അദ്ദേഹം അറിയിച്ചത്. ഇസ്രയേലിലേക്ക് 5000 റോക്കറ്റുകൾ തൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗാസ മുനമ്പിൽനിന്ന് റോക്കറ്റാക്രമണം ഉണ്ടായതായി ഇസ്രയേലും അറിയിച്ചു.

റോക്കറ്റാക്രമണത്തിൽ എഴുപതുകാരിയായ ഇസ്രയേലി വനിതയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ടെൽ അവീവ് പ്രദേശം വരെ അപായ സൈറണുകൾ മുഴങ്ങിയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.