ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി; ഉത്തരവുമായി ലോക്‌സഭാ സെക്രട്ടറിയേറ്റ്

ന്യൂഡൽഹി: പാർലമെന്റംഗത്വത്തിൽ നിന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കി. വധശ്രമക്കേസിൽ ഫൈസൽ കുറ്റകാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഹൈക്കോടതി വിധിയെ മുൻനിർത്തിയാണ് ലോക്‌സാഭാ അംഗത്വം റദ്ദാക്കിയത്. ഇത് രണ്ടാം തവണയാണ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്.

വിധി സുപ്രീംകോടതി സ്റ്റേ ചെയ്താൽ എം പിയായിഫൈസലിന് തുടരാം. വധശ്രമക്കേസുമായി ബന്ധപ്പെട്ട് കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു മുഹമ്മദ് ഫൈസലിനെ ആദ്യം അയോഗ്യനാക്കിയത്.

പിന്നീട് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടിയിരുന്നു. ഇതിന് ശേഷമാണ് എം പി സ്ഥാനം പുനഃസ്ഥാപിച്ചത്. കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നു എന്നാൽ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെയാണ് ലോക്‌സഭാ സെക്രട്ടേറിയേറ്റ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.