മാസപ്പടി വിവാദം; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകി മാത്യു കുഴൽനാടൻ. വിജിലൻസ് ഡയറക്ടർക്ക് നേരിട്ടാണ് മാത്യു കുഴൽനാടൻ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്ന് മാത്യുകുഴൽനാടൻ പറഞ്ഞു.

പിവി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. മാസപ്പടി ജനങ്ങൾക്ക് മുന്നിൽ എത്തിക്കാനും, മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതി, പൊതുജന മധ്യത്തിൽ തുറന്ന് കാണിക്കുന്നതിനും വേണ്ടിയിട്ടുള്ള പോരാട്ടമാണ് കഴിഞ്ഞ നാളുകളിൽ നടത്തി വന്നത്. വലിയൊരളവ് വരെ ഇതിന്റെ വസ്തുതകൾ പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ കഴിഞ്ഞു എന്നുതന്നെയാണ് താൻ വിശ്വസിക്കുന്നതെന്ന് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.

ഈ വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് വേണ്ടി ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ മകളോ, അവരുടെ സംരക്ഷണം ഏറ്റെടുത്ത സിപിഎം എന്ന പാർട്ടിയോ തയ്യാറായിട്ടില്ല. നിയമസഭയിൽ ഈ വിഷയം ഞാൻ ഉന്നയിച്ചപ്പോഴും അങ്ങേയറ്റം ദുർബലമായ മറുപടി നൽകി ഒളിച്ചോടുന്നതിനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഒടുവിൽ പിവി ഞാനല്ലെന്ന് പോലും പറഞ്ഞ് തിരഞ്ഞെടുത്ത ജനങ്ങൾക്ക് മുന്നിൽ അപഹാസ്യനാകുന്ന മുഖ്യമന്ത്രിയെ നമ്മൾ കണ്ടു. ഈ വിഷയം വഴിയിൽ ഉപേക്ഷിക്കരുതെന്നും ശക്തമായി തന്നെ മുന്നോട്ടു പോകണമെന്നും കേരളത്തിന്റെ പൊതുസമൂഹം തന്നോട് ആവശ്യപ്പെട്ടിരുന്നു.

അന്ന് ഞാൻ പൊതു സമൂഹത്തിനു നൽകിയ വാക്കാണ് എന്നാൽ കഴിയുന്ന വിധം ആത്മാർത്ഥവും സത്യസന്ധവുമായി ഈ വിഷയവുമായി മുന്നോട്ടു പോകുമെന്നും ഏതറ്റം വരെയും പോരാടുമെന്നതും. അതിന്റെ ഭാഗമായി ഇന്ന് താൻ ‘രണ്ടാംഘട്ട പോരാട്ടത്തിന്’ തുടക്കം കുറിക്കുകയാണെന്ന് മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.