തിരുവനന്തപുരം – ഷൊർണൂർ വേഗംകൂട്ടാൻ 86 ചെറുവളവുകൾ നിവർത്തും

റെയിവേ പാതയിൽ വേഗംകൂട്ടാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് തിരുവനന്തപുരം ഡിവിഷൻ. തിരുവനന്തപുരം – ഷൊർണുർ റെയിൽപാതയിലാണ് വേഗം കൂട്ടാനുള്ള നടപടികൾ ആരംഭിച്ചത്. തിരുവനന്തപുരം മുതൽ എറണാകുളം വരെ കോട്ടയം വഴിയും ആലപ്പുഴ വഴിയും വേഗം 110 കിലോമീറ്ററായി ഉയർത്താനാണ് ശ്രമം. 110 കിലോമീറ്ററായും ചിലയിടങ്ങളിലിൽ 90 കിലോമീറ്ററായും വേഗത കൂട്ടാനാണ് തീരുമാനം. എറണാകുളം മുതൽ ഷൊർണൂർ വരെ സാധ്യമായ ഇടങ്ങളിൽ 110 കിലോമീറ്ററും അല്ലാത്തവിടങ്ങളിൽ 90 കിലോമീറ്ററും വേഗത കൂട്ടും. ചെറിയ 86 വളവുകളാണ് ആദ്യം നിവർത്തുക.

ഇവക്കായി ഭൂമി ഏറ്റെടുക്കേണ്ട ആവശ്യം വരുന്നില്ല. തിരുവനന്തപുരം കായംകുളം ഭാഗത്ത് ഇത്തരം 22 വളവുകളാണ് ഉള്ളത്. ഒരു വർഷത്തിനുള്ളിൽ ജോലി പൂർത്തിയാക്കും. മെഷിൻ ഉപയോഗിച്ച് ട്രാക്കിന്റെ അലൈൻമെന്റ് കൃത്യമാക്കുന്നതിനും ഡിവിഷനിലെ എഞ്ചിനീയറിംഗ് വിഭാഗം കരാർ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം – ഷൊർണൂർ പാതയിലെ വേഗം 110 കിലോമീറ്ററാക്കാനുള്ള നടപടികൾക്കായി 381 കൂടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. സ്വകാര്യ ഭൂമി ഏറ്റെടുത്ത് നിവർത്തേണ്ട വലിയ വളവുകളുടെ പണികൾ പിന്നീട് നടത്തും.

110 കിലോമീറ്റർ വേഗം സാധ്യമായ മംഗളൂരു – ഷൊർണൂർ പാതയിലെ ചെറിയ വളവുകൾ നിവർത്താനുള്ള കരാർ പാലക്കാട് ഡിവിഷൻ നേരത്തേ ക്ഷണിച്ചിരുന്നു. 288 വളവുകൾ നിവർത്തി വേഗം 130 കിലോമീറ്ററായി ഉയർത്താനാണു ശ്രമം. കേരളത്തിലെ ട്രാക്കുകളിലെ വേഗം ആദ്യം 110 കിലോമീറ്ററും പിന്നീട് 130 കിലോമീറ്ററുമാക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. അഞ്ചര മണിക്കൂറിൽ തിരുവനന്തപുരം – കാസർകോട് യാത്ര സാധ്യമാക്കുകയാണു ലക്ഷ്യം