പ്രശ്‌നക്കാരുടെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കിയേക്കും; റിപ്പോർട്ട്

ന്യൂഡൽഹി: കാനഡക്കെതിരെ നടപടികൾ കർശനമാക്കാൻ ഇന്ത്യ. ‘പ്രശ്‌നക്കാരുടെ’ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ‘ഓരോ കേസിന്റെ’ അടിസ്ഥാനത്തിൽ ‘ചില വ്യക്തികൾക്കെതിരെ’ സർക്കാർ ഈ നടപടി ആരംഭിച്ചേക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖലിസ്ഥാൻ പതാക പിടിക്കുന്നതും ഇന്ത്യയിലെ കാർഷിക ഭൂസ്വത്തുക്കളിൽ നിന്ന് സമ്പാദിക്കുന്നതും ഒരുമിച്ചു കൊണ്ടുപോകാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാരെന്നാണ് പുറത്തു വരുന്ന വിവരം.

വിദേശത്തെ ഇന്ത്യൻ നയതന്ത്ര ഓഫിസുകൾക്കു നേരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അടുത്തിടെ പഠന വിസയിൽ വിദേശത്ത് പോയശേഷം ചില വിദ്യാർഥികൾ, ഇന്ത്യൻ നയതന്ത്ര ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഈ നടപടിയിൽ സർക്കാർ നിരാശരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.