തിരുവനന്തപുരം: സംസ്ഥാനത്ത് കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാകുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 108 എന്ന നമ്പറിൽ ബന്ധപ്പെടാതെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന അപ്ലിക്കേഷൻ വഴി ആംബുലൻസ് സേവനം ലഭ്യമാക്കാൻ കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈൽ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലൻസിലേക്ക് കൈമാറാൻ സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാൻ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
ഈ മാസം മൊബൈൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകും. സംസ്ഥാനത്ത് കനിവ് 108 ആംബുലൻസ് പദ്ധതി ആരംഭിച്ച് നാല് വർഷം പിന്നിടുമ്പോൾ 7,89,830 ട്രിപ്പുകളാണ് ഓടിയത്. ഇതിൽ 3,45,867 ട്രിപ്പുകൾ കോവിഡ് അനുബന്ധവം 198 ട്രിപ്പുകൾ നിപ അനുബന്ധവും ആയിരുന്നു. നാളിതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ നടന്നത്. നിലവിൽ 316 ആംബുലൻസുകളും 1300 ജീവനക്കാരും ആണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നതെന്നും വീണാ ജോർജ് അറിയിച്ചു.
ഏറ്റവും അധികം ട്രിപ്പുകൾ 108 ആംബുലൻസുകൾ ഓടിയത് തിരുവനന്തപുരം ജില്ലയിയിലാണ്. ഇവിടെ 1,17,668 ട്രിപ്പുകൾ കനിവ് 108 ആംബുലൻസുകൾ ഓടി. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ട്രിപ്പുകൾ ഓടിയത്. ഇവിടെ 23,006 ട്രിപ്പുകളാണ് 108 ആംബുലൻസുകൾ ഓടിയത്.

