ലണ്ടൻ: ചൈനീസ് മുങ്ങിക്കപ്പലിൽ 55 സൈനികർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്. യുഎസ്, ബ്രിട്ടീഷ് മുങ്ങിക്കപ്പലുകൾക്കുവെച്ച കെണിയിൽപ്പെട്ടതിനെ തുടർന്ന് സാങ്കേതിക തകരാർ മൂലമാണ് ഇത്തരമൊരു ദുരന്തം സംഭവിച്ചതെന്നാണ് വിവരം. ഓഗസ്റ്റ് 21-നാണ് അപകടം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് നാവികസേനയുടെ പി.എൽ.എ 093-417 എന്ന ആണവ അന്തർവാഹിനിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് ബ്രിട്ടീഷ് ഇന്റലിജൻസിനെ ഉദ്ധരിച്ച് ദി ടൈംസ് വ്യക്തമാക്കിയിട്ടുള്ളത്.
കപ്പലിലെ ക്യാപ്റ്റനും 21 ഉന്നതഉദ്യോഗസ്ഥരും ഉൾപ്പെടെ മരണപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. ചൈനീസ് നാവികസേന യുഎസ്, ബ്രിട്ടീഷ് അന്തർവാഹിനികളെ കുടുക്കാൻ സ്ഥാപിച്ച കെണിയിൽ ചൈനീസ് മുങ്ങിക്കപ്പൽ കുടുങ്ങി. ഇതോടെ കപ്പലിൽ ചില സാങ്കേതിക തകരാറുണ്ടായി. തകരാർ പരിഹരിച്ച് കപ്പൽ ഉപരിതലത്തിലേക്കെത്തിക്കാൻ ആറു മണിക്കൂറോളം സമയമെടുത്തിരുന്നു. ഇതിനിടെ കപ്പലിലെ ഓക്സിജൻ തീർന്നുവെന്നും ഇതാണ് അപകടത്തിന്റെ കാരണമെന്നും വാർത്തകളുണ്ട്.
അതേസമയം, ഈ വാർത്തകളെ തള്ളി ചൈനയും തായ്‌വാനും രംഗത്തെത്തി.

