തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബീച്ചുകളിൽ പ്രവേശനം ഉണ്ടായിരിക്കില്ല എന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴ തുടരാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിൽ ജാഗ്രത തുടരണം. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴക്കെടുതി രൂക്ഷമായ തിരുവനന്തപുരത്ത് നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഞായറാഴ്ച്ച വരെ സംസ്ഥാനത്തെ മഴ പൊതുവെ ദുർബലമാകും എന്നാണ് വിലയിരുത്തൽ. എന്നാൽ അടുത്ത ആഴ്ച്ചയോടെ മലയോര മേഖലയിൽ ഉച്ചക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴക്ക് ആരംഭിക്കാൻ സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ല.

