കോഴിക്കോട്: മുസ്ലിംലീഗ് ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ലോക്‌സഭയിലേക്ക് മുസ്ലിംലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻപും അവർക്ക് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരിൽ തർക്കം ഉണ്ടാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. കരുവന്നൂരിൽ ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്ന് ആർക്കും പറയാനാകില്ല. ഇഡി അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്. എന്നാൽ കരുവന്നൂരിന്റെ മറവിൽ എല്ലാ സഹകരണ ബാങ്കുകളെയും തകർക്കാൻ അനുവദിക്കില്ലെന്നും അതിനോട് കോൺഗ്രസിന് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ ബാങ്കുകളിലും അന്വേഷണം നടക്കട്ടെ. ഒരു ഭയവുമില്ല. കരുവന്നൂരിൽ ഇഡി അന്വേഷണം പരമാവധി എ സി മൊയ്തീൻ വരെയേ എത്തു. അതിനു മുമ്പേ അഡ്ജസ്റ്റ്‌മെന്റ് നടക്കുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

