കൊല്ലം തുറമുഖം ഉടന്‍ സജീവമാക്കണം; നിർദ്ദേശം നൽകി മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം: കൊല്ലം തുറമുഖത്ത് മൂന്ന് മാസത്തിനുളളിൽ യാത്രാകപ്പലുകൾ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിൽ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പിന്തുണ സർക്കാർതലത്തിൽ നൽകിയിട്ടുണ്ട്. ഇമിഗ്രേഷൻ സംവിധാനം, സുരക്ഷാക്രമീകരണം തുടങ്ങി കേന്ദ്ര സർക്കാർ അനുമതി ആവശ്യമുള്ളവ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ പോർട്ട് ഓഫീസറെ ചുമതലപ്പെടുത്തി. യാത്രാക്കപ്പലുകൾ തുറമുഖത്ത് എത്തുന്നതിനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള കപ്പലുകൾ കൊല്ലം തുറമുഖം വഴി സഞ്ചാരംനടത്തുന്നതിന് സന്നദ്ധവുമാണ്. ഫ്ളോട്ടിംഗ് ഡോക്ക് ഉൾപ്പടെ സംവിധാനങ്ങൾ ഏർപ്പെടുത്തുകവഴി ചരക്ക് കപ്പലുകളുടെ വരവും ഉറപ്പാക്കാനാകും. തുറമുഖം പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുന്നത് സംബന്ധിച്ച് തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിക്കും.

ജില്ലയിലെ വിനോദസഞ്ചാര സാധ്യതകൾ പരമാവധി വിനിയോഗിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ രൂപീകരിക്കാൻ ടൂറിസം വകുപ്പ് പ്രത്യേക പദ്ധതികൾ തയ്യാറാക്കണം. ഉദ്യോഗസ്ഥതലത്തിൽ ഇതിനായി അടിയന്തര നടപടി കൈക്കൊള്ളണം. തുടങ്ങിവയ്ക്കുന്ന ജൈവവൈവിദ്ധ്യ പദ്ധതിയുടെ നിർവഹണവും വേഗത്തിലാക്കണം.

കിഫ്ബി ഫണ്ട് വിനിയോഗിച്ച് ജില്ലാ ആശുപത്രിയിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി. സമയബന്ധിത പൂർത്തീകരണത്തിന് ബന്ധപ്പെട്ട വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കാൻ നിർദേശം നൽകി.

കേരള റോഡ് ഫണ്ട് ബോർഡിന്റെ പരിധിയിലുള്ള ജോലികളും കൃത്യതയോടെ നടപ്പിലാക്കണം. തീരദേശ ഹൈവേയുടെ ഒന്നും രണ്ടും റീച്ചുകളുടെ നിർമാണത്തിന് നേരിടുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥതല ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

എം നൗഷാദ് എം എൽ എ, ജില്ലാ കലക്ടർ അഫ്സാന പർവീൺ, സിറ്റി പൊലിസ് കമ്മിഷണർ മെറിൻ ജോസഫ്, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, എ ഡി എം, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.