ആരോഗ്യ വകുപ്പിലെ കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞത്; വീണ ജോർജിനെതിരെയുള്ള സ്ത്രീ വിരുദ്ധ പരാമർശം പിൻവലിച്ച് കെ എം ഷാജി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം പിൻവലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. വീണാ ജോർജിനെതിരെ പറഞ്ഞ സാധനം എന്ന വാക്ക് പിൻവലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിലെ ദമാമിൽ കണ്ണൂർ ജില്ലാ കെഎംസിസി പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം പരാമർശം പിൻവലിച്ചത്.

ആരോഗ്യമന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവും അറിയില്ലെന്നാണ് ഉദ്ദേശിച്ചതെന്നും കെ എം ഷാജി ചൂണ്ടിക്കാട്ടി. താൻ നടത്തിയത് ഒരു വ്യക്തിക്കെതിരായ പരാമർശമല്ല, ആരോഗ്യ വകുപ്പിലെ കാര്യങ്ങളെ കുറിച്ചാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം കുണ്ടൂർ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയിൽ സംസാരിക്കവെയായിരുന്നു കെ.എം ഷാജി വീണാ ജോർജിനെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. വീണാ ജോർജിന് ഒരു കുന്തവും അറിയില്ല. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത. ആരോഗ്യമന്ത്രി ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ കെ എം ഷാജിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നു വന്നത്. വിഷയത്തിൽ വനിതാ കമ്മീഷൻ ഷാജിക്കെതിരെ കേസെടുത്തിരുന്നു.