പൊതുജനങ്ങൾക്കായി പുതിയൊരു സേവനം കൂടി നൽകാൻ കൊച്ചി മെട്രോ; എഇഡി മെഷീൻ സ്ഥാപിച്ചു

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലോക ഹൃദയ ദിനം മുതൽ പൊതുജനങ്ങൾക്കായി പുതിയൊരു സേവനം കൂടി നൽകുകയാണ്. കൊച്ചി മെട്രോ സ്റ്റേഷനുകളിൽ Automated External Defibrillator (എഇഡി) മെഷീൻ സ്ഥാപിച്ചു. ഹൃദയ-സംബന്ധമായ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സജ്ജമായിരിക്കുകയാണ് കൊച്ചി മെട്രോ ഇപ്പോൾ.

ആദ്യത്തെ മെഷീൻ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ അനാച്ഛാദനം ചെയ്തു. കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറായ ലോക്നാഥ് ബെഹ്റയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഹൈബി ഈഡൻ എംപി ചടങ്ങിൽ മുഖ്യാതിഥിയായി. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ദിലീഷ് നായരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

10 മെട്രോ സ്റ്റേഷനുകളിലും രണ്ട് വാട്ടർ മെട്രോ ടെർമിനലുകളിലുമായിരിക്കും ആദ്യഘട്ടത്തിൽ മെഷീൻ സ്ഥാപിക്കുന്നത്. തുടർന്ന് കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫ്രൈബ്രിലേറ്ററുകൾ സ്ഥാപിക്കും. കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ഈ പദ്ധതി നടപ്പിലാക്കുന്നത് എവയർനസ് പ്രോഗ്രാംസ് ആന്റ് പബ്ലിക് എജ്യുക്കേഷൻ സെന്റർ എന്ന സംഘടനയുമായി ചേർന്നാണ്.

ഇതിനോടനുബന്ധിച്ച് കൊച്ചി മെട്രോ റെയിൽ കോർപറേഷന്റെ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫ്രൈബ്രിലേറ്റർ മെഷീൻ ഉപയോഗിക്കാൻ വേണ്ട പരിശീലനവും നൽകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.