സംസ്ഥാന സര്‍ക്കാരിനെതിരായ സിപിഐ വിമര്‍ശനം ഒരു ഘടകക്ഷിക്കു നല്‍കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നേരത്തെ പ്രമുഖ സിപിഐഎം നേതാക്കളായ എം എ ബേബി, ഡോ. തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍ പ്രകടിപ്പിച്ച വികാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതുഭരണത്തിന്റെയും തൊലിയുരിക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ 50 വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്നതും ജനങ്ങളെ കാണാന്‍ വിസമ്മതിക്കുന്നതും ജനരോഷം തിരിച്ചറിഞ്ഞാണ്. മുഖ്യമന്ത്രിയെ കണ്ടാല്‍ കൂകിവിളിക്കണമെന്നും കരിങ്കൊടി കാട്ടണമെന്നും തോന്നാത്ത ഒരാള്‍പോലും ഇന്നും കേരളത്തിലില്ല. പിണറായിയുടെ ഭരണം അത്രമേല്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടര വര്‍ഷമായി കേരളത്തില്‍ ഭരണമില്ലെന്നും അപഹരണം മാത്രമാണും വെളപ്പെടുത്തുന്ന സംഭവങ്ങളാണിപ്പോള്‍ രാവണന്‍കോട്ടയായ സെക്രട്ടേറിയറ്റില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ വീടിനേയും ഓഫീസിനെയും ചുറ്റിപ്പറ്റി നടന്ന അഴിമതിക്കൂട്ടങ്ങള്‍ മന്ത്രിമാരുടെ ഓഫീസുകളിലും തമ്പടിച്ചിരിക്കുന്നു.
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന അതീവ ഗുരുതരമായ കോഴഇടപാടിനെക്കുറിച്ച് നല്കിയ പരാതിയില്‍ 15 ദിവസമായിട്ടും പൊലീസ് നടപടി ഉണ്ടായില്ലെന്നും കെ സുധാകരന്‍ ചൂണ്ടികാട്ടി.

