സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കും; കേന്ദ്രത്തിന് നന്ദി അറിയിച്ച് സുരേഷ് ഗോപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ച് നടൻ സുരേഷ് ഗോപി. സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി ഉടൻ ചുമതലയേൽക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെ താൻ ചെയർമാനായി ചുമതലയേൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ക്ഷണം ലഭിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, തന്റെ സുഹൃത്ത് അനുരാഗ് സിംഗ് ഠാക്കൂർ തുടങ്ങിയവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി സംസാരിച്ചു. പദവിയുമായി ബന്ധപ്പെട്ട സംശയങ്ങൾ മാറി. സജീവ രാഷ്ട്രീയത്തിൽ തുടരുന്നതിൽ തടസം ഇല്ലെന്ന് കേന്ദ്രം അറിയിച്ചു. തനിക്ക് എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.