മണിപ്പൂർ സംഘർഷം; ഓരോ ജില്ലയിലും ഓരോ സേനയെ വിന്യസിക്കാൻ തീരുമാനം

ന്യൂഡൽഹി: മണിപ്പൂർ സംഘർഷം നേരിടാൻ കൂടുതൽ നടപടികൾ സ്വീകരിച്ച് സംസ്ഥാന സർക്കാർ. ക്രമസമാധാനം പാലിക്കാൻ ഓരോ ജില്ലയിലും ഓരോ സേനയെ വിന്യസിക്കാനാണ് തീരുമാനം. സേനകളുടെ ഏകോപനം കൃത്യമാകാനാണ് പുതിയ നടപടിയെന്നാണ് വിവരം. സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ്, അസം റൈഫിൾസ്, കരസേനാ സൈനികർ എന്നിവരെയെല്ലാം മണിപ്പൂരിൽ വിന്യസിച്ചിട്ടുണ്ട്.

മണിപ്പൂരിനെ പ്രശ്‌നബാധിതയിടമായി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. മണിപ്പൂരിലെ മെയ്‌തെയ് – കുകി വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷം ഇതുവരെ കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു മണിപ്പൂർ സർക്കാർ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.

മണിപ്പൂരിലെ ഇംഫാലിൽ കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായിരുന്നു. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും ഇന്റർനെറ്റ് സേവനം റദ്ദാക്കി. അഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. 40 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

മെയ്തെയ് വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇംഫാലിൽ വീണ്ടും സംഘർഷം ഉടലെടുത്തത്. വിദ്യാർത്ഥികളെ കാണാനില്ലെന്ന് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയായിരുന്നു കുട്ടികൾ മരിച്ച് കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്.