നബിദിനം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സെപ്തംബർ 28 നാണ് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. നേരത്തെ സെപ്തംബർ 27 നായിരുന്നു നബിദിനത്തിന്റെ പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. മുസ്ലിം സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് അവധി സെപ്തംബർ 28 ലേക്ക് മാറ്റിയത്.

സെപ്തംബർ 28-ന് പൊതുഅവധി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. മാസപ്പിറവി കാണാത്തതിനാൽ നബിദിനം സെപ്റ്റംബർ 28-ന് തീരുമാനിച്ച സാഹചര്യത്തിലാണ് പൊതു അവധി ഈ ദിവസത്തേക്ക് മാറ്റണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചത്.

മാസപ്പിറവി കാണാത്തത് പ്രകാരം കേരളത്തിൽ 28ന് നബിദിനം ആചരിക്കാൻ ഖാസിമാരും മതപണ്ഡിതരും ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു.