ന്യൂഡൽഹി: രാജ്യത്ത് ഒൻപത് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈനായാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്.
സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങൾ പ്രധാനമന്ത്രി പ്രസംഗത്തിൽ ഉയർത്തിക്കാട്ടി. പുതിയ ഭാരതത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ് വന്ദേ ഭാരത്. രാജ്യത്ത് എല്ലാ ഇടത്തേയ്ക്കും വന്ദേ ഭാരത് സർവീസുകൾ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വന്ദേ ഭാരത് ട്രെയിനുകളിൽ ഇതുവരെ ഒരു കോടിയിൽ അധികം യാത്രക്കാർ രാജ്യത്ത് യാത്ര ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ പുതിയ വന്ദേ ഭാരതും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുന്നത്.

