കോട്ടയം: ഇനി മാസങ്ങൾക്കുള്ളിൽ പെരുമ്പളം പാലം യാഥാർഥ്യമാകും. കേരളത്തിൽ കായലിന് കുറുകെയുള്ള ഏറ്റവും നീളമുള്ള പാലമാണിത്. വേമ്പനാട് കായലാൽ ചുറ്റപ്പെട്ടു കിടക്കുന്ന പെരുമ്പളം ദ്വീപിനെ വടുതലയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പെരുമ്പളം പാലം. പാലത്തിന്റെ ഏഴുപത് ശതമാനം ജോലികളും പൂർത്തിയായി.
സംസ്ഥാനത്തെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ് പെരുമ്പളം. മൂവായിരം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ബോട്ടോ ജങ്കാറോ മാത്രമാണ് ഇവർക്ക് പുറം ലോകത്തേക്കുള്ള ഏക ആശ്രയം. 2019ലാണ് പെരുമ്പളത്തെ പാണാവള്ളിയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് അനുമതി നൽകിയത്. എന്നാൽ, നിർമ്മാണ കരാറിനെ ചൊല്ലിയുള്ള തർക്കം മൂലം രണ്ട് വർഷത്തോളം പണി തടസപ്പെട്ടു. പിന്നീട് ഊരാളുങ്കൽ ലേബർ സൊസൈറ്റി ജോലി ഏറ്റെടുത്തു. നിലവിൽ 70 ശതമാനം ജോലിയും പൂർത്തിയായിരിക്കുകയാണ്.
നൂറ് കോടിയാണ് 1115 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണ ചെലവ്. 81 ഗർഡറിൽ 60 എണ്ണവും 30 സ്ലാബുകളിൽ 12 എണ്ണവും പൂർത്തിയായിട്ടുണ്ട്.

