ബംഗളൂരു: ബംഗളൂരുവിൽ ചൊവ്വാഴ്ച്ച ബന്ദ്. കാവേരി നദിയിൽ നിന്ന് തമിഴ്നാടിന് ജലം കൊടുക്കണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി ഉത്തരവിനെതിരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
15 ദിവസത്തേയ്ക്ക് തമിഴ്‌നാടിന് കാവേരി നദിയിൽ നിന്നും 5000 ക്യുസെസ് വീതം അധിക ജലം വിട്ടു നൽകണമെന്നായിരുന്നു കാവേരി ജല മാനേജ്മെന്റ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ്. ഇതിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് അധികജലം തമിഴ്‌നാടിന് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. തുടർനടപടികൾ 26ന് ശേഷം തീരുമാനിക്കുമെന്നും പ്രശ്‌നപരിഹാര ചർച്ചകൾക്ക് കേന്ദ്ര സർക്കാർ മദ്ധ്യസ്ഥത വഹിക്കാൻ തയാറാകണമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.
കർഷക, കന്നഡ അനുകൂല സംഘടനകളാണ് തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പതിനഞ്ചോളം സംഘടനകളാണ് ബന്ദ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി വൻ പ്രതിഷേധ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും ഐടി കമ്പനികളും അവധി പ്രഖ്യാപിച്ച് സഹകരിക്കണമെന്ന് കർഷക സംഘടനാ നേതാവ് കുറുബുറു ശാന്തകുമാർ വ്യക്തമാക്കി. കർണാടകയിൽ തമിഴ് സിനിമകളുടെ പ്രദർശനത്തിന് വിലക്കേർപ്പെടുത്തണമെന്നാണ് കന്നഡ അനുകൂലി സംഘടനയായ കന്നഡ ചലാവലി വാട്ടാൽ പക്ഷ നേതാവും മുൻ എംഎൽഎയുമായ വാട്ടാർ നാഗരാജ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ബംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ പൊലീസ് സുരക്ഷാ സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായാണ് നടപടി.

