യു കെയിൽ സിഗരറ്റ് നിരോധിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; നയം രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്

ലണ്ടൻ: യു കെയിൽ സിഗരറ്റ് നിരോധിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വരും തലമുറയെ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് തടയാൻ പുകവലി വിരുദ്ധ നയങ്ങൾ കൊണ്ടുവരാൻ യുകെ പ്രധാനമന്ത്രി ഋഷി സുനക് പദ്ധതിയിടുന്നുവെന്നാണ് വിവരം. 2022 ഡിസംബറിൽ ന്യൂസീലാൻഡിൽ നടപ്പിലാക്കിയതിന് സമാനമായ തീരുമാനങ്ങളാണ് യുകെയിൽ നടപ്പിലാക്കാൻ പോകുന്നത്.

2009 ജനുവരി ഒന്നിന് ശേഷം ജനിച്ച ആർക്കും സിഗരറ്റ് വിൽക്കരുതെന്നായിരുന്നു ന്യൂസീലൻഡ് ഇറക്കിയ ഉത്തരവ്. 2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ സ്വീകരിച്ചത്. നേരത്തെ ബ്രിട്ടൺ കുട്ടികൾക്ക് സിഗരറ്റ് സാംപിളുകൾ നൽകുന്നതിൽ നിന്ന് ചെറുകിട വ്യാപരികളെ വിലക്കിയിരുന്നു. 2024ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന ഇ സിഗരറ്റുകൾ റദ്ദാക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൗൺസിലുകൾ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കൗൺസിലുകൾ ഇക്കാര്യം ആവശ്യപ്പെട്ടത്.