തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിൽ നടന്നിട്ടുള്ള ക്രമക്കേടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കരുവന്നൂരിലേത് വലിയ പ്രശ്‌നമാണോയെന്നാണ് എം ബി രാജേഷ് ചോദിക്കുന്നത്. അതിലെല്ലാം എടുത്തിട്ടുള്ള നിലപാട് എന്താണെന്ന് ഓർമിക്കേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും ശക്തമായ സഹകരണ മേഖലയുള്ള സംസ്ഥാനമാണ് കേരളം. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് കേരളത്തിൽ ചുവടുറപ്പിക്കണമെങ്കിൽ കേരളത്തിലെ സഹകരണ മേഖലയെ തകർക്കണം. അതിനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലത്തിനിടയിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ എത്രയുണ്ട്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വല്ലതും വലിയ പ്രശ്നമാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.
അതിലെല്ലാം എടുത്തിട്ടുള്ള നിലപാട് എന്താണെന്ന് നമ്മൾ ഓർമിക്കേണ്ടതാണ്. പല ബാങ്കുകളും പതിനായിരക്കണക്കിന് കോടി രൂപ കൊള്ളയടിച്ചതും കൊള്ളയടിച്ചവർ രാജ്യംവിട്ടുപോയി ഇപ്പോഴും സുരക്ഷിതമായി കഴിയുന്നതുമെല്ലാം നമ്മുടെ മുന്നിലുണ്ടെന്ന് ഓർക്കണം. അപ്പോഴാണ് കേരളത്തിൽ ഒരു പ്രശ്നത്തെ മുൻനിർത്തി ഇത്ര വ്യാപകമായ പ്രചരണം നടത്തുന്നത്. പ്രധാനമായും നിയമപരം എന്നതിനെക്കാൾ പ്രചാരണം ലക്ഷ്യമിട്ടുള്ളതാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത ഇതുകൊണ്ടൊന്നും തകർക്കാനാകില്ല. സഹകരണ മേഖലയിൽ കേന്ദ്ര സർക്കാരിന് സ്ഥാപിത താത്പര്യങ്ങളുണ്ടെന്ന് വ്യക്തമായതാണ്. അതുകൊണ്ടാണ് ഇതിനായി പ്രത്യേക മന്ത്രാലയം തന്നെയുണ്ടാക്കിയത്. സഹകരണ മേഖലയിൽ ഒരു കുറുക്കൻ കണ്ണ് ഉണ്ടെന്ന് വ്യക്തമാണെന്നും ആ കുറുക്കൻ കണ്ണ് വെച്ചിട്ടാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ നീക്കങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

