തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പിണറായി സർക്കാരിന് കീഴിൽ സംസ്ഥാനം നേടിയ പുരോഗതിയെ യുഡിഎഫും ബിജെപിയും ഭയക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ അധികാരം ഉപയോഗിച്ച് സംസ്ഥാന വികസനം തടയിടാൻ ബിജെപി ശ്രമിക്കുമ്പോൾ, വികസനത്തിന് തുരങ്കം വയ്ക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. കേന്ദ്രം കേരളത്തിന്മേൽ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണ്. അർഹിക്കുന്ന സാമ്പത്തിക സഹായം പോലും കേരളത്തിന് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫ് സർക്കാർ കെ റെയിൽ കൊണ്ട് വന്നപ്പോഴാണ് കേന്ദ്ര സർക്കാർ വന്ദേ ഭാരത് ട്രെയിൻ കൊണ്ടുവന്നത്. എൽഡിഎഫ് കെ റെയിൽ മുന്നോട്ട് വച്ചില്ലെങ്കിൽ വന്ദേ ഭാരത് വരുമായിരുന്നോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഗവർണർ ബില്ലുകൾ പിടിച്ചു വച്ചിട്ട് എന്ത് കാര്യമാണ്. നിയമ നിർമ്മാണം നടപ്പിലാക്കേണ്ട ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തത് ബിജെപി നയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

