തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഡൽഹി കേരള ഹൗസിലും തിരുവനന്തപുരം മെഡിക്കൽ കോളജിലുമൊക്കെ പാൽ പോലും വാങ്ങാൻ കഴിയാതെ വരുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്ഥാനം ഉഴറുമ്പോഴാണ് പ്രതിമാസം 80 ലക്ഷം രൂപ വാടക നല്കി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബില്ലുകൾ മാറാൻ വൈകിയതോടെ ഡൽഹി കേരള ഹൗസിൽ ജീവനക്കാർ പോക്കറ്റിൽ നിന്ന് 20,000 രൂപ മുടക്കിയാണ് ഈ ദിവസങ്ങളിൽ പാൽ വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു വർഷത്തേക്ക് 28.80 കോടി രൂപയാണ് ഹെലികോപ്റ്ററിന് വാടകയായി നൽകേണ്ടത്. സർക്കാർ സംഭരിച്ച നെല്ലിന്റെ 1.5 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് അമ്പലപ്പുഴയിൽ രാജപ്പൻ എന്ന കർഷകൻ ആത്യമഹത്യ ചെയ്തിട്ട് ഒരാഴ്ചപോലും ആയില്ല. ഇതിനിടയിലാണ് ഹെലികോപ്റ്റും സൗദിയിൽ ലോ കകേരള സമ്മേളനവും പോലെയുള്ള ധൂർത്ത് അരങ്ങേറുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ലോക കേരള സഭയുടെ വരവ് ചെലവ് കണക്കുകൾ ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കിടപ്പുരോഗികൾക്ക് കൊടുത്ത പാലിന്റെ കുടിശിക 1.19 കോടി ആയതിനെ തുടർന്നാണ് മിൽമ പാൽ വിതരണം നിർത്തിയത്. ബ്രെഡ് വിതരണവും നിലച്ചു. യുഡിഎഫ് സർക്കാരിൻറെ കാലത്ത് മൂന്നു മാസം വരെ സർക്കാർ ആശുപത്രികളിൽ നിന്ന് മരുന്ന് സൗജന്യമായി നൽകിയത്. ഇപ്പോൾ പത്തു ദിവസത്തേക്കാണ് ഡോക്ടർമാർ കുറിപ്പു നൽകുന്നത്. എന്നാൽ രോഗികൾക്ക് രണ്ടോ മൂന്നോ ദിവസത്തെ മരുന്നേ ലഭിക്കുന്നുള്ളുവെന്നും അദ്ദേഹം വിശദീകരിച്ചു.
വലിയ സുരക്ഷാ സംവിധാനമൊരുക്കി സെക്രട്ടേറിയറ്റിനെ രാവണൻകോട്ട ആക്കിയതിന പിന്നാലെ സെക്രട്ടേറിയറ്റ് അനക്സിലും 2 കോടിയോളം രൂപ മുടക്കി സുരക്ഷ കൂട്ടി. ഏഴുവർഷത്തെ പിണറായി ഭരണം മുടിപ്പിക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല. കേരളത്തിന്റെ കരുത്തുറ്റ സഹകരണ മേഖലയെ കാട്ടാന കയറിയ കരിമ്പിൻ തോട്ടം പോലും സിപിഎമ്മുകാർ ചവിട്ടിയരച്ചു. ലക്ഷക്കണക്കിന് നിക്ഷേപകർ പെരുവഴിയിലായപ്പോൾ സിപിഎം നേതാക്കൾ ചോരകുടിക്കുന്ന അട്ടകളെപ്പോലെ തടിച്ചു വീർത്തുവെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

