ലക്‌നൗ: വനിതാ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാൾ കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലാണ് സംഭവം. കേസിലെ മുഖ്യപ്രതിയായ അനീസ് ഖാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ട് കൂട്ടാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
കേസിലെ പ്രതികളെ പിടികൂടാൻ ഉത്തർപ്രദേശ് പൊലീസും ലക്‌നൗ സ്‌പെഷ്യൽ ടാക്‌സ് ഫോഴ്‌സും ഇനായത്ത് മേഖലിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഓഗസ്റ്റ് മുപ്പതിനാണ് സരയു എക്‌സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ പ്രതികൾ ആക്രമണം നടത്തിയത്. മൂർച്ചയേറിയ ആയുധംകൊണ്ടായിരുന്നു ആക്രമണം. തലയിലും മുഖത്തും മാരകമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പൊലീസുകാരിയെ കണ്ടെത്തിയത്.
തുടർന്ന് ഇവരെ ലക്‌നൗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീറ്റിനെച്ചൊല്ലിയുള്ള വഴക്കാണ് ആക്രമണത്തിന് കാരണം. മങ്കപൂർ സ്റ്റേഷനിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്.

